Friday, January 18, 2013

ഓര്‍മ്മപൊട്ടുകള്‍

കുട്ടിയായിരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ ജ്യോതി മേമയുടെ വീട്ടില്‍ താമസിക്കാന്‍ പോവുമായിരുന്നു. അമ്മയുടെ അനിയത്തിയാണ് ജ്യോതി മേമ.അമ്മയെയും അച്ഛനെയും വിട്ട് നീനു എവിടെയും പോകില്ല.പക്ഷെ ഞാന്‍ അങ്ങനെയല്ല.മാസത്തില്‍ ഒരിക്കലെങ്കിലും മേമ വന്ന് എന്നെ അവരെ വീട്ടിലേക്ക് പൊക്കി കൊണ്ടുപോകും. കഷ്ടി നാലോ അഞ്ചോ പല്ലുകള്‍ മാത്രമുള്ള ഒരു അച്ഛമ്മ ഉണ്ടായിരുന്നു മേമേടെ വീട്ടില്‍. ആ നാല് പല്ലുപയോഗിച്ച് അച്ഛമ്മ വെത്തില-അടയ്ക്ക ചവയ്ക്കുന്നത്‌ കാണേണ്ട കാഴ്ചയാണ് . ചവയ്ക്കാന്‍ പാകത്തില്‍ അത് ഒരു മുട്ടി വച്ച് ഇടിച്ചു ശെരിപ്പെടുത്തി കൊടുക്കുക ഞാനായിരുന്നു.

മേമയുടെ തൊട്ടടുത്ത വീട്ടില്‍ ഒരു ഏട്ടനുണ്ടായിരുന്നു. അവിടെ പോയാല്‍ ഞാന്‍ ഇപ്പോഴും ആ ഏട്ടന്റെ കൂടെയായിരിക്കും. ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഏട്ടന്‍ ഏഴിലെങ്ങാനുമായിരിക്കണം. എന്നെ നാടുകാനിക്കാന്‍ കൊണ്ട് പോവുക ഏട്ടനാണ്. ജ്യോതി മേമയുടെ ചേച്ചിയുടെ മോളാണെന്ന് പറഞ്ഞ് എന്നെ ഓരോരുത്തര്‍ക്കും പരിചയപ്പെടുത്തികൊടുക്കും. വലിയ വെള്ള താടിയുള്ള ഒരാളുടെ കടയുണ്ട് , അവിടുന്ന് എനിക്ക് മുട്ടായി ഒക്കെ വാങ്ങിച്ചു തരും.

പിന്നെ ആ നാട്ടില്‍ വലിയ മുള്‍വേലി കെട്ടിയ ഒരു പറമ്പുണ്ട് .അതിന്റെ വശത്തുള്ള ഇടവഴിയിലൂടെയാണ് ഞങ്ങള്‍ പോവുക. ആ പറമ്പില്‍ ഒരു കിണറുണ്ട്. പഴയ ഒരു കിണര്‍. ആ കിണറിനെ പറ്റി ഏട്ടന്‍ ഒരു കഥ പറഞ്ഞു തന്നിരുന്നു. വെള്ളിയാഴ്ച ഒഴികെ ബാക്കിയുള്ള ആറ്  ദിവസവും ആ കിണര്‍ ഒരു സാധാരണ കിണറാണ്. ദാഹിക്കുന്നവര്‍ക്ക് വെള്ളം കോരി കുടിക്കാം. എന്നാല്‍ വെള്ളിയാഴ്ച ആ കിണറ്റില്‍ വെള്ളത്തിനു പകരം ചോരയാനത്രേ ഉണ്ടാവുക ! ഇക്കാര്യങ്ങളൊന്നും അറിയാത്ത ഒരാള്‍ വെള്ളം കുടിക്കാനായി വെള്ളിയാഴ്ച കിണറ്റിനടുത്ത് പോയി ,തൊട്ടി കിണറ്റിലോട്ടിട്ടാല്‍ , ചുവന്ന പട്ടുടുത്ത കുഞ്ഞിമാത എന്ന് പേരുള്ള ഒരു യക്ഷിയുടെ കരച്ചില്‌ കേള്‍ക്കുമത്രേ .
 '' തൊട്ടിയിട്ട് കുഞ്ഞിമാതയുടെ തല പൊട്ടിച്ചോനെ..കിണറായ കിണറെല്ലാം ചെഞ്ചോരയായിട്ടും നെന്റെ ദാഹം തീര്‍ന്നില്ലേ..?
എന്നിട്ട് നമ്മളെ കിണറ്റിലേക്ക് വലിച്ചിട്ട് കൊല്ലുമത്രെ!

ഉച്ചയ്ക്ക് മേമയുടെ വീട്ടിലെത്തിയാല്‍ കണ്ട കാഴ്ചകളെ പറ്റിയൊക്കെ ഞാന്‍ മേമയോട് പറയും. കുഞ്ഞിമാതയുടെ കിണറിനെ പറ്റി ചോദിച്ചപ്പോള്‍ ,മേമ ഏട്ടനെ വിളിച്ച് വഴക്ക് പറഞ്ഞു. 'ഇങ്ങനത്തെ വേണ്ടാതീനങ്ങളൊന്നും കുട്ടിക്ക് പറഞ്ഞു കൊടുക്കരുത് ,മേലില്‍ ആ കിണറ്റിനടുത്തോന്നും കൊണ്ട് പോകരുത് ' എന്നൊക്കെ. അപ്പോള്‍ എനിക്കുറപ്പായി ,ആ കഥകളൊക്കെ സത്യമാണെന്ന് . എന്നെ കുഞ്ഞിമാത  പിടിക്കതിരിക്കാനല്ലേ കിണറ്റിനടുത്ത് കൊണ്ടുപോകരുതെന്നു പറഞ്ഞു വിലക്കിയത്.


ഒരിക്കല്‍ ഞായറാഴ്ച എന്റെ വീട്ടിലേക്കു തിരിച്ചു പോകുമ്പോള്‍ ഏട്ടന്‍ എനിക്ക് രണ്ട് കളര്‍ മീനിനെ , ഒരു കറുപ്പ് ,ഒരു ചുവപ്പ് കുപ്പിയിലാക്കി തന്നിരുന്നു. ഞാന്‍ അതിനെ വീട്ടില്‍ കൊണ്ട് പോയി രണ്ടു ദിവസം വളര്‍ത്തി. മൂന്നാം നാള്‍ രണ്ടു മീനും മരിച്ചു പോയി. എനിക്കും നീനുവിനും ശെരിക്കും സങ്കടം വന്നു. ഞങ്ങള്‍ ആ മീനിന്റെ ശവസംസ്കാരമോക്കെ നടത്തിയിരുന്നു. ഒരു റീത്ത് ഒക്കെ ഉണ്ടാക്കി , അതിനെ മുറ്റത്ത് അടക്കം ചെയ്തു. ഞങ്ങള്‍ക്ക് കുട്ടപ്പന്‍ എന്നൊരു കോഴികുട്ടിയുണ്ടായിരുന്നു ,അത് മരിച്ചപ്പോഴും ഞങ്ങള്‍ ഇങ്ങനെ ചെയ്തിരുന്നു.

ഇപ്പോള്‍ ഈ കഥകളൊക്കെ ഓര്‍ക്കാന്‍ ഒരു കാര്യമുണ്ടായി. കഴിഞ്ഞ ദിവസം മേമയുടെ ബന്ധത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ കുടുംബ സമേതം പോയപ്പോള്‍ അവിടെ വച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് തന്നെ പറയാം , ആ ഏട്ടനെ കണ്ടു.  ഹൈസ്കൂളിലൊക്കെ എത്തിയപ്പോഴേക്കും ഞാന്‍ മേമയുടെ വീട്ടില്‍ താമസിക്കാന്‍ പോകുന്ന പരിപാടിയൊക്കെ നിര്‍ത്തിയിരുന്നു. കല്യാണ വീട്ടില്‍ ഇരുന്നു ഞാനും നീനുവും ചെത്ത് ചെക്കന്മാരെ വായ്‌ നോക്കി സമയം കളയുമ്പോഴാണ് മേമ  ഒരാളേം കൂട്ടി വരുന്നത് 
''ഓര്‍മ്മയുണ്ടോ ഇവനെ ? ചെറുപ്പത്തില്‍ നിന്നെ ഈ നാട്ടില്‍ കറങ്ങാന്‍ കൊണ്ടുപോകുന്ന ആളാ ഇത് ''
എനിക്ക് പെട്ടന്ന് തന്നെ ഏട്ടനെ മനസ്സിലായി. ആള്‍ക്ക് ഒരു നാണം. വലിയ ആളായിട്ടുണ്ട് .കുറച്ചു നേരം എട്ടന്റടുത്ത് സംസാരിച്ചിരുന്നു. ഞാന്‍ തന്നെയാണ് കൂടുതലും സംസാരിച്ചത്. കുഞ്ഞിമാതയുടെ കിണറൊക്കെ ഇപ്പോഴുമുണ്ടോ? എന്ന് ചോദിച്ചപ്പോള്‍ ആള് ചിരിച്ചൊഴിഞ്ഞു. ഏട്ടനിപ്പോള്‍ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോള്‍ , ടൗണില്‍ ഓട്ടോ ഓടിക്കുകയാണെന്ന് മാത്രം പറഞ്ഞു. പോകാന്‍ നേരം ഒരു വാക്ക് കൂടി പറഞ്ഞു.
''നീതുവിന്റെ മുടി പിന്നെ നീണ്ടിട്ടെ ഇല്ലേ ? ജ്യോതിയേച്ചിയുടെ വീട്ടില്‍ കൂടാന്‍ വരുന്നേരവും ഇത്ര തന്നെയായിരുന്നല്ലോ''

ഇപ്പോള്‍ ഇത് എഴുതുമ്പോള്‍ ചെറിയൊരു വിഷമം തോന്നുന്നു.ഞാനാകെ മാറിപ്പോയത്  പോലെ..ആ മണ്ടൂസ് പെണ്ണിന്റെ നിഷ്കളങ്കതയോക്കെ പോയി. ഷോള്‍ഡര്‍ ലെങ്ങ്തില്‍ മുടി കട്ട് ചെയ്ത് ,ടൈറ്റ്സും കുര്‍ത്തയുമൊക്കെയിട്ട് ഞാനൊരു അലമ്പ് പെണ്ണായിപ്പോയല്ലോ  എന്റെ കുഞ്ഞിമാതേ...:(

Wednesday, February 2, 2011

അനുഗ്രഹിക്കൂ..

അങ്ങനെ അവസാനം ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..!!
എഴുതാനൊന്നും അറിയില്ല. സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട്.
ഇനി ഞാനും ഉണ്ടാകും ഈ ബൂലോകത്ത് , ചുമ്മാ ചുറ്റിയടിച്ച് കഥയും കവിതകളുമൊക്കെ വായിക്കാന്‍..
കൂടെ കൂട്ടില്ലേ എന്നെ?